06:33pm 03 May 2026
NEWS
വീടുപണിക്ക് കുഴിയെടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി; വിവരം അധികൃതരെ അറിയിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി
11/01/2026  02:09 PM IST
nila
വീടുപണിക്ക് കുഴിയെടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി; വിവരം അധികൃതരെ അറിയിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി

ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃരാജ്യമെന്ന പേരുണ്ടെങ്കിലും, ഇന്ത്യയിൽ സ്വർണത്തിന്റെ ആഭ്യന്തര ഉത്പാദനം അതീവ പരിമിതമാണ്. ഇന്നും രാജ്യത്തിന് ആവശ്യമായ ഭൂരിഭാഗം സ്വർണം ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. കർണാടകയിലെ ഹട്ടി ഖനി മാത്രമാണ് ഇപ്പോൾ ശ്രദ്ധേയമായ ആഭ്യന്തര സ്വർണ ഉത്പാദന കേന്ദ്രം. ഒരുകാലത്ത് കെജിഎഫ് പോലുള്ള പ്രശസ്ത ഖനികളിലൂടെ ഇന്ത്യയുടെ ‘സ്വർണ്ണഭൂമി’യായി അറിയപ്പെട്ട കർണാടകയിൽ നിന്നാണ് ഇപ്പോൾ സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരു അപൂർവ വാർത്ത പുറത്തെത്തിയിരിക്കുന്നത്.

ഗദഗ് ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ലക്കുണ്ഡി ഗ്രാമത്തിലാണ് സംഭവം. ഒരു വീടിന്റെ നിർമാണത്തിനായി അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് അപ്രതീക്ഷിതമായി ഒരു സ്വർണനിധി ലഭിച്ചത്. ശനിയാഴ്ച രാവിലെ ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീട്ടുവളപ്പിൽ നടന്ന ജോലിക്കിടെയാണ് ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിലുള്ള സ്വർണാഭരണങ്ങൾ പുറത്തു വന്നത്.

 എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ റിട്ടിയാണ് ആദ്യം നിധി കണ്ടെത്തിയത്. മണ്ണിനടിയിൽ നിന്ന് പുറത്തുകാണപ്പെട്ട പാത്രവും അതിനുള്ളിലെ ആഭരണങ്ങളും കണ്ട കുട്ടി, യാതൊരു മടിയും കാണിക്കാതെ ഉടൻ തന്നെ വിവരം ഗ്രാമത്തിലെ മുതിർന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചു. കുട്ടിയുടെ ഈ സത്യസന്ധതയിലൂടെയാണ് സംഭവം ഔദ്യോഗിക തലത്തിലേക്ക് എത്തിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചെമ്പ് പാത്രത്തിനുള്ളിൽ നെക്ലേസുകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവ ഉൾപ്പെടെ ആകെ 22 സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. ഇവയുടെ മൊത്തം ഭാരം ഏകദേശം 466 മുതൽ 470 ഗ്രാം വരെയാണെന്നാണ് പ്രാഥമിക കണക്ക്. ആഭരണങ്ങൾക്കുള്ള ഡിസൈൻ പുരാതനകാലത്തെ ശൈലി പ്രതിഫലിപ്പിക്കുന്നതാണെന്നും അതിനാൽ തന്നെ അവയുടെ വില കോടികളിൽ എത്താനിടയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

“കണ്ടെത്തിയ ആഭരണങ്ങൾ എല്ലാം തന്നെ പുരാതന ഡിസൈനുകളുള്ളവയാണ്. പുരാവസ്തു വകുപ്പ് വിശദമായി പഠനം നടത്തിയ ശേഷമേ ഇവയുടെ യഥാർഥ കാലഘട്ടം സ്ഥിരീകരിക്കാൻ കഴിയൂ,” ലക്കുണ്ഡി ഹെറിറ്റേജ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ശരണു ഗോഗേരി വ്യക്തമാക്കി. സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം വിദ്യാർത്ഥിയായ പ്രജ്വൽ റിട്ടിയുടെ സത്യസന്ധതയാണെന്നും ഗദഗ് ജില്ലാ പൊലീസ് മേധാവി രോഹൻ ജഗദീശ് പ്രതികരിച്ചു.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കണ്ടെത്തിയ സ്വർണാഭരണങ്ങൾ തഹസിൽദാറിന് കൈമാറിയിട്ടുണ്ട്. ചാലുക്യ–ഹൊയ്സാല രാജവംശങ്ങളുടെ കാലഘട്ടത്തിൽ പ്രധാന കേന്ദ്രമായിരുന്ന ലക്കുണ്ഡി, ഇന്നും പുരാതന ക്ഷേത്രങ്ങൾക്കും ശില്പസ്മാരകങ്ങൾക്കും പേരുകേട്ട പ്രദേശമാണ്. അതുകൊണ്ടുതന്നെ, മണ്ണിനടിയിൽ നിന്ന് പുറത്തുവന്ന ഈ സ്വർണനിധി ലക്കുണ്ഡിയുടെ ചരിത്രമഹത്വത്തിലേക്ക് മറ്റൊരു അധ്യായം കൂടി ചേർക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img